തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ സമരം ശക്തിപ്പെടുന്നതിനിടെ ഒത്തുതീർപ്പ് ചർച്ചയുമായി സംസ്ഥാന സർക്കാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മുഴുവൻ സംഘടനകളെയും മോട്ടോർ വാഹനവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ചർച്ചക്ക് വിളിച്ചത്. വ്യാഴാഴ്ച വൈകിട്ട് മന്ത്രിയുടെ ചേംബറിലാണ് ചർച്ച നടക്കുക.
സമരം 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സർക്കാർ ചർച്ചക്ക് തയാറായത്. പണിമുടക്കും സെക്രട്ടേറിയറ്റ് സമരവുമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ നിലപാട് കടുപ്പിക്കുമ്പോഴും കൃത്യമായ പരിഹാരമില്ലാത്ത അവസ്ഥയിലായിരുന്നു മോട്ടോർ വാഹനവകുപ്പ്.
സംഘടനകളുടെ സംയുക്ത സമിതി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ തിങ്കളാഴ്ച പൊലീസ് സംരക്ഷണയിൽ മോട്ടോർ വാഹനവകുപ്പ് ടെസ്റ്റിന് ശ്രമം നടത്തിയെങ്കിലും കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
തിങ്കളാഴ്ച 117 ടെസ്റ്റുകൾ നടന്നെന്നും ഇതിൽ 52 പേർ പാസായി എന്നുമാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിശദീകരണം. എന്നാൽ, സമരം പരാജയമെന്ന് വരുത്താനുള്ള അധികൃത നീക്കമാണ് ഇത്തരം കണക്കുകൾക്ക് പിന്നിലെന്നാണ് സംഘടനകളുടെ വിമർശനം.