ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഏതാനും വിമാനങ്ങള്‍ വൈകുകയും ചിലത് വഴിതിരിച്ചു മറ്റ് വിമാനത്താവളങ്ങളിലേക്ക് വിടുകയും ചെയ്തു. വ്യോമസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായത്.
ഉച്ചയ്ക്ക് ശേഷം 2.30ഓടെയാണ് ഇംഫാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് സിഐഎസ്എഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ലഭിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെന്നായിരുന്നു അറിയിപ്പ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ ടെറസില്‍ നിന്ന് പരിശോധിച്ചപ്പോഴും ഡ്രോണ്‍ കണ്ടു. ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന സി.ഐ.എസ്.എഫ് ജീവനക്കാരും വിമാനക്കമ്പനിയുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ജീവനക്കാരും വെള്ള നിറത്തിലുള്ള ഡ്രോണ്‍ കണ്ടു.
ടെര്‍മിനല്‍ ബില്‍ഡിങിന് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളിലൂടെ തെക്ക് ഭാഗത്തേക്ക് പറക്കുകയും കുറച്ച് നേരെ അവിടെ നിശ്ചലമായിരിക്കുകയും ചെയ്തു. പിന്നീട് റണ്‍വേയുടെ തെക്ക് പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിച്ചു. 4.05 വരെ വിമാനത്താവളത്തിന്റെ പരിസരത്ത് തന്നെ ചുറ്റിത്തിരിഞ്ഞ ശേഷം പിന്നീട് അപ്രത്യക്ഷമായി. വൈകുന്നേരം 4.26നായിരുന്നു ഇംഫാലില്‍ സൂര്യാസ്‍തമയം.
ഇതേസമയം 173 യാത്രക്കാരുമായി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന കൊല്‍ക്കത്ത – ഇംഫാല്‍ ഇന്റിഗോ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു. സിഐഎസ്എഫ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, വ്യോമസേന, ഇംഫാല്‍ വെസ്റ്റ് പൊലീസ് സൂപ്രണ്ട് എന്നിവരുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ വിമാനത്തിന് ലാന്റിങ് അനുമതി നല്‍കിയില്ല. 25 മിനിറ്റ് വിമാനത്താവളത്തിന്റെ പരിസരത്ത് പറന്ന ശേഷം 3.03ന് വിമാനം ആസാമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ നിന്ന് ഇംഫാലിലേക്ക് 183 യാത്രക്കാരുമായി വന്ന മറ്റൊരു ഇന്റിഗോ വിമാനം 4.05ന് കൊല്‍ക്കത്തിയിലേക്കും തിരിച്ചുവിട്ടു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഒരു ഇന്റിഗോ വിമാനവും ഈ സമയത്ത് വിമാനത്താവളത്തിലെ ഏപ്രണില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വാച്ച് സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍, ഗുവാഹത്തിയിലെ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ഓഫീസ്, സില്‍ചറിലെ വ്യോമസേനാ കേന്ദ്രം, ഷില്ലോങിഗ് വ്യോമസേനാ ഈസ്റ്റേണ്‍ കമാന്‍ഡ്, കൊല്‍ക്കത്തയിലെ വ്യോമസേനാ മിലിട്ടറി ലെയ്സണ്‍ യൂണിറ്റ്, മണിപ്പൂര്‍ ചീഫ് സെക്രട്ടറി, മണിപ്പൂര്‍ ഡിജിപി, ഹോം കമ്മീഷണര്‍, സിവില്‍ ഏവിയേഷന്‍ സുരക്ഷാ ബ്യൂറോ റീജ്യണല്‍ ഡയറക്ടര്‍, ഇംഫാല്‍ വെസ്റ്റ് എസ്.പി, ജില്ലാ കമ്മീഷണര്‍ എന്നിവര്‍ക്ക് ഇംഫാലിലെ എയര്‍ ട്രാഫിക് കണ്‍ട്രോളും എയര്‍പോര്‍ട്ട് ഡയറക്ടറും വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് വിമാനത്താവളം അടച്ചിടുന്നതായി അറിയിച്ചുകൊണ്ട് സന്ദേശം പുറപ്പെടുവിച്ചു.
വൈകുന്നേരം 3.55ഓടെ വ്യോമസേനയുടെ ഇസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. 5.35ന് പരിശോധന പൂര്‍ത്തിയാക്കി ഭീഷണിയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വിമാനത്താവളത്തില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാന്‍ വ്യോമസേന അനുമതി നല്‍കിയത്. ഡ്രോണ്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യോമസേനയുടെ പ്രസ്താവനയില്‍ പറയുന്നു. ശേഷം വ്യോമയാന സുരക്ഷാ ബ്യൂറോ റീജ്യണല്‍ ഡയറക്ടര്‍, ഡിജിസിഎ എയര്‍ സേഫ്റ്റി ഡയറക്ടര്‍, ജോയിന്റ് ആക്ഷന്‍ സെന്റര്‍ കമ്മിറ്റി എന്നിവ സ്ഥിതി വിലയിരുത്തി 5.45ഓടെ വിമാനത്താവളം വീണ്ടും തുറക്കാന്‍ അനുമതി നല്‍കി. 5.50ഓടെ വീണ്ടും വിമാനങ്ങള്‍ക്ക് ലാന്റിങ് അനുമതി നല്‍കുകയും ചെയ്തു.