ഗുവാഹത്തി: ഗാന്ധി കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്തെ തകര്‍ക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി തന്‍റെ പേരിലെ ഗാന്ധി പേര് ഉപേക്ഷിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗുവാഹത്തിയില്‍ നടന്ന ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അസ്സം മുഖ്യമന്ത്രി രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ഗാന്ധി കുടുംബം `സര്‍ദാര്‍ ഓഫ് ഡ്യൂപ്ലിക്കേറ്റാണെ’ ന്നും നിരവധി തട്ടിപ്പുകളാണ് നടത്തിയെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. അവരുടെ ആദ്യ തട്ടിപ്പ് തുടങ്ങിയത് ഗാന്ധിയെന്ന പേരില്‍നിന്നാണ്. കുടുംബഭരണത്തിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അതിനാല്‍ തന്നെ ഗാന്ധിയെന്ന പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയോട് താന്‍ അപേക്ഷിക്കുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ജി20 ഉച്ചകോടിയിലെ ദില്ലി സംയുക്ത പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടമാണെന്നും ഇത് നമ്മുടെ ഭാരത് ഭൂമിയാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അതിനിടെ, യൂറോപ്യന്‍ പര്യടനത്തിനിടെ ഭാരത് വിവാദത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി നടത്തിയത്. ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിന്‍റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്നാണ് പാരീസിലെ സയന്‍സസ് പി ഒ യൂനിവേഴ്സിറ്റിയില്‍ നടന്ന സംവാദ പരിപാടിക്കിടെ രാഹുല്‍ ഗാന്ധി ആരോപിച്ചത്.
ഏതുവിധേനയും അധികാരം കിട്ടാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും അതിനായി അവര്‍ എന്തും ചെയ്യുമെന്നും കുറച്ചു ജനങ്ങളുടെ അപ്രമാദിത്യത്തിനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഹിന്ദുയിസവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടനയില്‍ ഭാരത് എന്നും ഇന്ത്യയെന്നും ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇതില്‍ ഒരു പ്രശ്നമുള്ളതായി കാണുന്നില്ല. രണ്ടു വാക്കുകളും ഏറ്റവും അനുയോജ്യവുമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഇട്ടതില്‍ പ്രകോപിതരായാണെന്ന് തോന്നുന്നു ഇപ്പോള്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ അവര്‍ ഒരുങ്ങുന്നത്.
എല്ലാത്തിന്‍റെയും പേര് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചരിത്രത്തെ തള്ളികളയുകയാണ്. നമുക്ക് ഇഷ്ടമല്ലെങ്കില്‍ കൂടി നമ്മള്‍ ബ്രിട്ടീഷുകാരാല്‍ ഭരിക്കപ്പെട്ടവരാണ്. അവര്‍ക്കെതിരെ പോരാടി സ്വാതന്ത്ര്യം തേടി. എന്നാല്‍, പേരുമാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ചരിത്രമെല്ലാം മായിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ചരിത്രം പുതുതലമുറയെ അറിയിക്കാതിരിക്കാനാണ് അവരുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.