തൃശ്ശൂർ: നാല് വർഷത്തോളം മുമ്പ് തൃശ്ശൂർ കേച്ചേരിയിൽ ബസ് ജീവനക്കാരന്‍ രജീഷ് പുഴയിൽ മുങ്ങിമരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. രജീഷിന്‍റെ സുഹൃത്ത് വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി സലീഷിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
തൃശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍മാരായിരുന്നു സലീഷും കൊല്ലപ്പെട്ട രജീഷും. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. രജീഷിന്‍റെ വീട്ടില്‍ വിളിച്ച് സലീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 നവംബർ 18 നായിരുന്നു കേസിനസ്പദമായ സംഭവം. രജീഷും, സലീഷും സുഹൃത്തുക്കളും ചേർന്ന് അയമുക്ക് പുഴക്കടുത്തുള്ള പറമ്പിൽ കുരുത്തോല വെട്ടുന്നതിനായാണ് രാത്രി 11 മണിയോടെ ചങ്ങാടത്തില്‍ പോയി. കരയിലേക്ക് തിരിച്ചുവന്നെങ്കിലും കുരുത്തോല എടുക്കാൻ മറന്നതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രജീഷിനെയും സലീഷിനെയും സംഭവസ്ഥലത്ത് നിർത്തി തിരിച്ചുപോയി. ഈ സമയത്ത് രജീഷിന് അമിതമായി മദ്യം നൽകി പുഴയിലേക്ക് തട്ടിയിടുകയായിരുന്നു. രജീഷ് അപകടത്തില്‍ പെട്ടെന്നാണ് സലീഷ് മറ്റുള്ളവരോട് പറഞ്ഞത്. തുടർന്ന് പൊലീസും ആഗ്നിരക്ഷാസേനയും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
നീന്തലറിയാവുന്ന രജീഷ് പുഴയില്‍ മുങ്ങിമരിക്കാനിടയില്ലെന്ന ബന്ധുക്കളുടെ സംശയമാണ് നിര്‍ണായകമായത്. മരണത്തിൽ സുഹൃത്തുക്കളെ സംശയമുണ്ടെന്ന് കാണിച്ച് രജീഷിന്റെ സഹോദരൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദാന്വേഷണം നടത്തി. സലീഷിനെയും സുഹൃത്തുക്കളെയും നിരവധി തവണ ചോദ്യം ചെയ്യുകയും ചെയ്തു. മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം സലീഷിനെ നിരന്തരം നിരീക്ഷിച്ചു. സംഭവസ്ഥലത്തടക്കം എത്തിച്ചു. ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ സലീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. എസിപി ടി.എസ്. സിനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.