തിരുവനന്തപുരം: സംസ്ഥാനത്ത് എംഡിഎംഎ ലഹരികേസുകൾ വ്യാപകമാകുന്നു. ഇന്നലെ പൂജപ്പുരയിലും കോഴിക്കോടും ഉണ്ടായ അറസ്റ്റിന് ശേഷം ഇന്ന് കൊച്ചിയിലും 55 ഗ്രാം എംഡിഎംഎ യുമായി എട്ട് പേർ അറസ്റ്റിലായി. ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ സംഘമാണ് പിടിയിലായത്. എളുപ്പത്തിൽ ഉപയോഗിക്കാം ശരീരത്തെ ലഹരി കൂടുതൽ സമയവും പിടിച്ചിരുത്തും. കഞ്ചാവും, ഹാഷിഷ് ഓയിലും വിട്ട് അതിലും അപകടം പിടിച്ച എംഡിഎംഎ യിലേക്ക് യുവാക്കളിൽ വലിയൊരു വിഭാഗം ചുവട് മാറുകയാണ്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി വസ്തു പിടികൂടിയത്. ഇടപ്പള്ളി മാമംഗലത്തെ ഗ്ലാന്‍റ് കാസ ഹോട്ടലിലെ രണ്ട് മുറികളിലായിട്ടായിരുന്നു ഇടപാടുകൾ.അറസ്റ്റിലായ ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ എന്നിവർ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ചാണ് പല ഇടങ്ങളിലായി വിൽപന നടത്തിയിരുന്നത്.
ഇവരിൽ നിന്ന് ലഹരി മരുന്ന് വാങ്ങാൻ കൊല്ലത്ത് നിന്ന് മറ്റൊരു സംഘവും എത്തി. പരിശോധനക്കിടെ പുലർച്ചെ ഹോട്ടലിലെത്തിയ കൊല്ലം സ്വദേശികളായ ഷിബു,ജുബൈർ,തൻസീല,ആലപ്പുഴ സ്വദേശി ശരത് എന്നിവരെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഈ ഹോട്ടലിൽ മാസങ്ങളായി ഇവർ സ്ഥിരമായി എത്തിയിരുന്നു.വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതികൾ അവിടെയും ലഹരി കേസുകളിൽ ശിക്ഷ അനുഭവിച്ചരാണ്.
വാലന്‍റൈയിൽ പാർട്ടിക്കായി എത്തിച്ച 24 ഗ്രാം എംഡിഎംഎ ആണ് പൂജപ്പുരയിൽ നിന്ന് പിടിച്ചെടുത്തത്. കരുമം സ്വദേശി കുമാർ , ആനന്ദ് രാജ് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാങ്കാവിലും പാർട്ടിയിൽ വിൽപ്പനയ്ക്ക് എത്തിച്ച 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ-യും 25 എൽഎസ്ഡി സ്റ്റാമ്പുകളും താമരശ്ശേരി സ്വദേശി റോഷനിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ എംഡിഎംഎ കേസുകളാണ് പല ജില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്യുന്നത്.