കോഴിക്കോട്: കണ്ണൂരിലും കോഴിക്കോടും ലഹരി മരുന്ന് വേട്ട. കണ്ണൂർ പനയത്താം പറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടിൽ അഷ്റഫ് പിടിയിലായി. ചാലോട്, മട്ടന്നൂർ ഭാഗങ്ങളിൽ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്റഫ് എന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 30ഗ്രാം എംഡിഎംഎയും 35 എൽഎസ് ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. ഡാൻസാഫും ചേവായൂർ പൊലീസും ചേർന്നാണ് അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടായിരുന്നു വിവരം ലഭിച്ചത്. അപ്പാർട്ട്മെന്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊച്ചിയിൽ ഇതരസ൦സ്ഥാന തൊഴിലാളികൾക്കിടയിൽ ഹെറോയിൻ വില്പന നടത്തുന്ന അസ൦ സ്വദേശി എക്സൈസിന്റെ പിടിയിലായി. പത്ത് ലക്ഷം രൂപ വില വരുന്ന നാല്പത് ഗ്രാം ബ്രൌൺ ഷുഗർ ഇയാളിൽ നിന്ന് കണ്ടെടുത്തു. ആലുവയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഹരി എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.