മയക്കുമരുന്ന് ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ പിഞ്ചുകുഞ്ഞുങ്ങളുമായി യുവാവിന്റെ പരാക്രമം. തിങ്കളാഴ്ച രാവിലെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ഛൻ ഉപേക്ഷിച്ച കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്താത്തതിനെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ കോടനാടുള്ള ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു.
രാവിലെ 9:30 ഓടെയാണ്. കോടനാട് സ്വദേശിയായ യുവാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോയെന്നും ലഹരിയാണ് എല്ലാത്തിനും കാരണം എന്നും യുവാവ് പൊലീസുകാരോട് പറഞ്ഞു. തുടർന്നു കുഞ്ഞുങ്ങളെ സ്റ്റേഷനിൽ ഉപേക്ഷിച്ച് മടങ്ങാൻ ശ്രമിച്ച യുവാവിനെ പൊലീസ് തടഞ്ഞ് വയ്ക്കുകയായിരുന്നു.
ലഹരിയിൽ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട്. ഇതേതുടർന്നാണ് രണ്ടു കുട്ടികളെ ഉപേക്ഷിച്ച് ഭാര്യ പിണങ്ങി പോയത്. രണ്ടുദിവസമായി കുട്ടികൾക്ക് ഇയാൾ ഭക്ഷണം ഒന്നും നൽകിയിരുന്നില്ല. ഇത് മനസിലാക്കിയ പെരുമ്പാവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ആഹാരം നൽകി
ഉച്ചയോടെ കുട്ടികളെയും രക്ഷിതാവിനെയും കോടനാട് പൊലീസിന് കൈമാറി. എന്നാൽ കുട്ടികളെ കൊണ്ടുപോകാൻ ഭാര്യയോ ബന്ധുക്കളോ എത്തിയില്ല. ഇതേ തുടർന്ന് കുട്ടികളെ സി ഡബ്ല്യു സി യ്ക്ക് കീഴിലുള്ള ശിശു ഭവനിലേക്ക് മാറ്റി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ചികിത്സക്കായി കോടനാട് അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ അമ്മയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോതമംഗലത്ത് സ്വകാര്യ സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും കണ്ടെത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറിയിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. റെയ്ഡിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ഓടി രക്ഷപ്പെട്ടു. എന്നാല്‍ കഞ്ചാവ് ഇടപാടിനെത്തിയെ 5 പേരെ പിടികൂടിയിരുന്നു. നെല്ലിക്കുഴിയിലെ സ്വകാര്യ പബ്ലിക്ക് സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് ലഹരിവസ്തു കണ്ടെത്തിയത്.