അങ്കമാലി: പെൺകുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോതമംഗലം ഓടക്കാലി സ്വദേശി എ.എ. റിൻഷാദാണ് (26) പിടിയിലായത്. കൊച്ചി കസ്റ്റംസ് പ്രേവന്റിവ് വിഭാഗവും നെടുമ്പാശ്ശേരി പൊലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
നെടുമ്പാശ്ശേരി അത്താണിയിൽ കാറിൽ വിൽക്കുവാനെത്തിച്ച ഒരു കിലോ കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു. 30,000 രൂപയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിദ്യാർഥികളെയും യുവാക്കളെയും സ്വാധീനിച്ച് വിതരണം ചെയ്തുവരികയായിരുന്നു. ആവശ്യാനുസരണം എം.ഡി.എം.എയും, എൽ.എസ്.ഡിയും വിൽപന നടത്തിയിരുന്നതായും സൂചനയുണ്ട്. ഇയാളുടെ ഇടപാടുകാരിൽ കൂടുതലും പെൺകുട്ടികളാണത്രെ.
നെടുമ്പാശ്ശേരി അത്താണി, പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എയർപോർട്ട് സിഗ്നൽ കേന്ദ്രീകരിച്ചു വ്യാപകമായി മയക്കുമരുന്ന് വിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.