കൊച്ചി∙ ഇറാനിലെ മക്രാൻ തുറമുഖത്തു നിന്ന്, 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക്ക്ബോട്ട് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു.ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി ഇതുവരെ പിടികൂടിയ ലഹരിമരുന്ന് പാക്കിസ്ഥാൻ ലഹരി സംഘമായ ‘ഹാജി സലിം നെറ്റ്‌വർക്കിന്റേ’തായിരുന്നു.
എന്നാൽ മറ്റു കാർട്ടലുകളുടെ മുദ്രകളും ഇത്തവണ പിടികൂടിയ ചാക്കുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകളാണ് ഇത്തവണ പിടികൂടിയ പാഴ്സലുകളിൽ ഉള്ളത്. ഇതിൽ തേൾ ഹാജി സലിം നെറ്റ്‍വർക്കിന്റെ വ്യാപാര മുദ്രയാണ്. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന ‘അൽ ഹുസൈൻ’ ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്സലുകൾ പൊതിഞ്ഞിട്ടുള്ളത്. കടലിൽ നിന്നു പിടികൂടിയ ലഹരിമരുന്ന് ഇന്നലെയാണു കൊച്ചി തുറമുഖത്ത് എത്തിച്ചത്.