തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎയുമായി സ്ഥാപന നടത്തിപ്പുകാരൻ ഉള്‍പ്പെടെ രണ്ട് പേരെ എക്സൈസ് പിടികൂടി. ലഹരി വിൽപ്പനക്ക് ടാറ്റൂ കേന്ദ്രം മറിയാക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി വിൽപ്പന നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം തുടങ്ങിയത്. സ്ക്വാഡിലുള്ളവർ ടാറ്റൂ കുത്താനെന്ന വ്യാജേന ചെന്ന് ലഹരിയും വാങ്ങി.
ബംഗളൂരുവിൽ നിന്നും സ്ഥാപന നടത്തുകാരനായ രാജാജി നഗർ സ്വദേശി മജീന്ദ്രനും എംഎഡിഎംഎ എത്തിയെന്ന വിവരത്തിൽ സ്ഥാപനത്തിൽ എക്സൈസ് സംഘം റെയ്ഡ‍് നടത്തി. മജീന്ദ്രന്റെ വീട്ടിലും പരിശോധന നടന്നു. രണ്ടിടത്ത് നിന്നായി 78.78 ഗ്രാം എംഎഡിഎംഎ പടികൂടി. മജിന്ദ്രനും സഹായി പെരിങ്ങമല സ്വദേശി ഷോണ്‍ അജിയെയും എക്സൈസ് പിടികൂടി.
ടാറ്റൂ കേന്ദ്രത്തിൽ റെയ്ഡ് നടക്കുമ്പോഴും ലഹരി വാങ്ങാനെത്തിയർ സ്ഥലത്തുണ്ടായിരുന്നു. ടാറ്റൂ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതും ലഹരി വിൽപ്പനയും ഉള്‍പ്പെടെ 20 കേസിൽ പ്രതിയാണ് മജീന്ദ്രൻ.