കോഴിക്കോട്: ലഹരി മാഫിയയുടെ കെണിയിലകപ്പെട്ട് ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ കേസന്വേഷണം നടന്ന് കൊണ്ടിരിക്കെ ഇരയെ സംശയിക്കുന്ന തരത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നടത്തിയ അഭിപ്രായപ്രകടനം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് വിദ്യാർഥിനിയുടെ മാതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ മകളും ഞങ്ങളും പറഞ്ഞ വസ്തുതകളിലേക്കൊന്നും പൊലീസ് അന്വേഷണം നടന്നിട്ടില്ല.മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിൽ ഫെബ്രുവരി 21ന് പുനരന്വേഷണം പ്രഖ്യാപിച്ചതാണ്. ശേഷം 23 ന് കേസന്വേഷിക്കുന്ന വടകര ഡി.വൈ.എസ്.പി ഓഫീസിൽ നിന്നും നൽകിയ കത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നാണ് അറിയിച്ചത്. ശാസ്ത്രീയ തെളിവ് ശേഖരണത്തിെൻറ പരിശോധന ഫലവും ലഭ്യമായിട്ടില്ലെന്ന് കത്തിലുണ്ട്. മകൾ പറഞ്ഞ യുവതിയുടെ ദൃശ്യം പതിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് മാതാവ് കുറ്റപ്പെടുത്തി.
യാഥാർത്ഥ്യം ഇതായിരിക്കെ സംഭവം വ്യാജമാണെന്ന തരത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണ്. ലഹരിക്കെതിരായി കാടടച്ച് പ്രചരണം നടത്തുന്ന സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ലജ്ജാവഹമാണ്. മകൾ ആദ്യമായി മൊഴി കൊടുക്കാൻ ചോമ്പാല പൊലീസിൽ പോയ സമയത്ത് മകളെ കേസിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ച രണ്ട് പ്രാദേശിക നേതാക്കളടക്കമുള്ള ലഹരി മാഫിയയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണോ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വേണ്ടി കോടതിയെയും സമീപിക്കുമെന്ന് മാതാവ് പറഞ്ഞു.