ഇടുക്കി: തൊടുപുഴയില്‍ മദ്യലഹരിയിൽ അഭിഭാഷകന്റെ സാഹസിക ഡ്രൈവിങ്. അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുള്ളം സ്വദേശിയായ അഭിഭാഷകനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് തൊടുപഴയില്‍ അഭിഭാഷകന്‍ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കി അമിത വേഗതയില്‍ കാറുമായെത്തിയത്.
വെങ്ങല്ലൂര്-കോലാനി ബൈപാസ് റോഡില് പെട്രോള് പമ്പിന് സമീപത്തുവെച്ചാണ് മദ്യലഹരിയിലെത്തിയ അഭിഭാഷകന്‍റെ കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. പാല ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഭാഷകൻ്റെ കാര്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. അപകടം നടന്നിട്ടും വാഹനം നിർത്താൻ തയാറാകാതിരുന്ന ഇയാള് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ച ശേഷം ഓടിച്ച് പോവുകയായിരുന്നു.
എന്നാല്‍ കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയർ പഞ്ചറായി വാഹനം നിന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അഭിഭാഷകനെ പിടികൂടിയ ശേഷം പോലീസിനെ വിളിച്ചറിയിച്ചു. അപകടത്തില് ആർക്കും പരിക്കിക്കേറ്റില്ല. തൊടുപുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിക്കുകയും ഇയാളെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിഭാഷകനന്‍ ഓടിച്ച കാറിടിച്ച മുഴുവൻ വാഹനങ്ങള്ക്കും വലിയ രീതിയിലുള്ള കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. അപകടകരമായ രീതിയില് ബൈപാസ് റോഡില് വാഹനമോടിച്ച് അരമണിക്കൂറോളം ഇയാള് പരിഭ്രാന്തി പടർത്തി. മദ്യലഹരിയിലായിരുന്ന അഭിഭാഷകന്‍ നാട്ടുകാര്‍ പറഞ്ഞിട്ടും വാഹനം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നുവെന്ന് അപകടത്തിന് ദൃക്സാക്ഷികളായ പ്രദേശത്തെ വ്യാപാര സ്ഥാപന ഉടമകൾ പറയുന്നു.