മുംബൈ∙ മൂന്നു പതിറ്റാണ്ടു മുൻപ് നടത്തിയ ഇരട്ട കൊലപാതകത്തെയും കവർച്ചയെയും കുറിച്ച് മദ്യലഹരിയിൽ വെളിപ്പെടുത്തിയയാൾ അറസ്റ്റിൽ. മുംബൈയിലെ വിക്രോളിയിൽ താമസിക്കുന്ന അവിനാഷ് പവാർ എന്നയാളാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം സ്ഥലം വിട്ട ഇയാൾ, അമിത് പവാർ എന്നു പേരു മാറ്റിയിരുന്നു. കൊലപാതകം നടത്തുന്ന സമയത്ത് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവിനാഷിന് ഇപ്പോൾ 49 വയസ്സുണ്ട്. ഒരു മദ്യപാന സദസിലാണ് താൻ നടത്തിയ കൊലപാതകത്തെക്കുറിച്ച് ഇയാൾ മദ്യലഹരിയിൽ തുറന്നുപറഞ്ഞത്. ഇതേക്കുറിച്ച് വിവരം ലഭിച്ച മുംബൈ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
1993 ഒക്ടോബറിലാണ് അവിനാഷ് പവാറും മറ്റു രണ്ടു പേരും ചേർന്ന് ഇരട്ട കൊലപാതകം നടത്തിയത്. 55 വയസ്സുള്ള പുരുഷനെയും ഇയാളുടെ 50 വയസ്സുള്ള ഭാര്യയെയുമാണ് കവർച്ചാ ശ്രമത്തിനിടെ അവിനാഷും സംഘവും കൊലപ്പെടുത്തിയത്. ലോണാവാലയിലെ ഇവരുടെ വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുമ്പോഴായിരുന്നു കൊലപാതകം.
അവിനാഷിന്റെ കൂട്ടാളികളെ പൊലീസ് പിടികൂടിയെങ്കിലും, അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവിനാഷ് രക്ഷപ്പെടുകയായിരുന്നു. സ്വന്തം അമ്മയെയും ഉപേക്ഷിച്ച് അവിനാഷ് പിന്നീട് ഡൽഹിയിലെത്തി. അവിടെനിന്ന് ഇയാൾ മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തി. അവിടെ അമിത് പവാർ എന്ന പേരിൽ ഡ്രൈവിങ് ലൈസൻസും സ്വന്തമാക്കി. പുതിയ പേരിൽ ഇയാൾ ആധാർ കാർഡ് പോലും സ്വന്തമാക്കിയിരുന്നു. പിന്നീട് വിവാഹിതനുമായി. ഔറംഗാബാദിൽനിന്ന് പിന്നീട് പ്രിംപ്രി–ചിൻച്‌വാദ്, അഹമ്മദ് നഗർ എന്നിവിടങ്ങളിലേക്കും ഇയാൾ പോയി. ഒടുവിൽ മുംബൈയിലെ വിക്രോളിയിൽ താമസിച്ചു വരുമ്പോഴാണ് മദ്യലഹരിയിൽ നടത്തിയ വെളിപ്പെടുത്തൽ ഇയാൾക്ക് കെണിയായത്.
ഇരട്ട കൊലപാതകത്തിൽ കലാശിച്ച അന്നത്തെ കവർച്ചാ ശ്രമത്തിനു ശേഷം അവിനാഷ് ഒരിക്കലും ലോണാവാല സന്ദർശിച്ചിരുന്നില്ല. മാത്രമല്ല, സ്വന്തം അമ്മയെയോ ബന്ധുക്കളെയോ പോലും ഇയാൾ ഒരിക്കൽപ്പോലും സന്ദർശിച്ചില്ല. 30 വർഷം പിന്നിട്ട സ്ഥിതിക്ക് ഇനി ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസവും മദ്യപാന ശീലവുമാണ് ഒടുവിൽ അവിനാഷിനെ കുരുക്കിയത്. താൻ നടത്തിയ കവർച്ചാ ശ്രമത്തെയും ഇരട്ട കൊലപാതകത്തെയും കുറിച്ച് ഒരു മദ്യപാന സദസിലാണ് ഇയാൾ തുറന്നുപറഞ്ഞത്. ഇതേക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സംഘം അവിനാഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
‘‘30 വർഷം മുൻപ് മുംബൈയിലെ ലോണാവാലയിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതിയാണ് അവിനാഷ്. ഇയാൾ ലോണാവാലയിൽ ഒരു കട നടത്തിയിരുന്നു. അതിനു സമീപത്തു താമസിച്ചിരുന്ന ദമ്പതികളെയാണ് കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയത്. അവിനാഷാണ് കടയോടു ചേർന്നുള്ള വീട്ടിൽ കവർച്ച നടത്താൻ പദ്ധതിയിട്ടതും രണ്ടു പേരെ സഹായികളായി കൂട്ടിയതും. കവർച്ചാ ശ്രമത്തിനിടെ ദമ്പതികളെ ഇവർ കൊലപ്പെടുത്തുകയായിരുന്നു’ – ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രാജ് തിലക് റോഷൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് മറ്റു രണ്ടു പേരെ പിടികൂടിയെങ്കിലും പവാർ രക്ഷപെടുകയായിരുന്നു. ഇയാൾ പിന്നീട് പേരു മാറ്റി മറ്റൊരിടത്തേക്ക് പോയി. ഇയാളെ വിക്രോളിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു’ – ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.