ദുബൈ: ദുബൈ സര്‍ക്കാരിന് പുതിയ ലോഗോ. പുതിയ ലോഗോ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രകാശനം ചെയ്തു.
ദുബൈയിലെ വിവിധ വകുപ്പുകള്‍ക്ക് പുതിയ ലോഗോ നടപ്പിലാക്കാന്‍ ആറു മാസത്തെ സമയം അനുവദിച്ചു. രാജ്യത്തിന്‍റെ ദേശീയ പക്ഷി ഫാല്‍ക്കണ്‍, യുഎഇയുടെ പരമ്പരാഗത ബോട്ട് ദൗ, ഈന്തപ്പന, ഗാഫ് ഇലകള്‍ എന്നിവ ദേശീയ പതാകയുടെ നിറത്തില്‍ സമന്വയിപ്പിച്ചാണ് ലോഗോ തയ്യാറാക്കിയത്. ദുബൈ പോര്‍ട്ട്ഫോളിയോ ഫോര്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് 2024-26നായി ദുബൈ കിരീടാവകാശി 40 ബില്യണ്‍ ദിര്‍ഹം അനുവദിച്ചിട്ടുണ്ട്.
ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള പാര്‍പ്പിടങ്ങള്‍ ലഭിക്കുന്നതിന് അഫോര്‍ഡബിള്‍ ഹൗസിങ് നയത്തിനും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സാന്‍ഡ്ബോക്സ് പദ്ധതിക്കും ശൈഖ് ഹംദാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അനുമതി നല്‍കി. 2033ല്‍ ദുബൈയുടെ വികസനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഡി33 സാമ്പത്തിക അജന്‍ഡയ്ക്ക് പിന്തുണ നല്‍കാനാണ് 40 ബില്യണ്‍ ദിര്‍ഹം പ്രഖ്യാപിച്ചത്.