ദുബൈ: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു ടണ്ണിലേറെ ലഹരിമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ‘പാനല്‍സ്’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് പിടികൂടിയത്. 68.6 ദശലക്ഷം ദിര്‍ഹത്തിന്റെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു.
സോളാര്‍ പാനല്‍ ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച് സൗത്ത് അമേരിക്കന്‍ രാജ്യത്ത് നിന്നും യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താന്‍ അന്താരാഷ്ട്ര ലഹരി കടത്ത് സംഘം പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
ഷിപ്പ്‌മെന്റ് കൈപ്പറ്റാന്‍ വന്ന ആദ്യ പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെയാണ് മറ്റ് ഒമ്പത് പ്രതികളെ കൂടി പിടികൂടാനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തെ പിന്തുടര്‍ന്ന ദുബൈ പൊലീസ് ഇവരെ തൊണ്ടിമുതലുള്‍പ്പെടെ പിടികൂടുകയായിരുന്നു. ആദ്യ പ്രതി ഈ ഷിപ്പ്‌മെന്റ് ഒരു വെയര്‍ഹൗസിലേക്ക് മാറ്റി. അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് ദുബൈ പൊലീസിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് ഹാരിബ് പറഞ്ഞു.