ദുബൈ : അമ്മയുടെ ആവശ്യപ്രകാരം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജയിലിലെത്തിച്ച് ദുബൈ പോലീസ്. നൈഫ് പോലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോര്‍ട്ട് ടീമാണ് മാനുഷിക പരിഗണന നല്‍കി വിദേശ യുവതിയുടെ ആവശ്യം അംഗീകരിച്ചത്. തന്റെ കുഞ്ഞിനെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
ആഫ്രിക്കക്കാരിയായ മറ്റൊരു യുവതിയുമായി അടിപിടിയുണ്ടാക്കിയ കേസിലാണ് നൈഫ് പോലീസ് യുവതിയെ കസ്റ്റിഡിയിലെടുത്തതെന്ന് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് നൂര്‍ തഹ്‍ലക് പറഞ്ഞു. എന്നാല്‍ തനിക്ക് ബന്ധുക്കളാരുമില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരുമില്ലെന്നും പോലീസിലെ ഒരു വനിതാ ഉദ്യോഗസ്ഥയോട് യുവതി പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ദുബൈ പോലീസിലെ വിക്ടിം സപ്പോര്‍ട്ട് ടീം ദുബൈ ഹോസ്‍പിറ്റലിന്റെ സഹായത്തോടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചത്.
കൂടുതല്‍ സൗകര്യങ്ങള്‍ക്കായി കുഞ്ഞിനെയും അമ്മയെയും ദുബൈ വനിതാ ജയിലിലേക്ക് മാറ്റുകയും ചെയ്‍തു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങളും ആരോഗ്യ വിദഗ്ധരും കുഞ്ഞുങ്ങളെ നോക്കാന്‍ ആയമാരും ദുബൈ വനിതാ ജയിലിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികളെ താമസിപ്പിക്കാന്‍ ഒട്ടും പറ്റിയ സ്ഥലമല്ല ജയിലെങ്കിലും പുറത്ത് ബന്ധുക്കളില്ലാതെ വരുന്നതുള്‍പ്പെടെ മറ്റൊരു വഴിയുമില്ലാതെ വരുമ്പോള്‍ ജയിലിലെത്തുന്ന കുഞ്ഞുങ്ങള്‍ക്കായി എല്ലാ സൗകര്യവും ഒരുക്കാറുണ്ടെന്ന് വനിതാ ജയില്‍ ഡയറക്ടര്‍ കേണല്‍ ജാമില അല്‍ സാബി പറഞ്ഞു.
കുട്ടിയുമായി ഒരു സ്‍ത്രീ ജയിലിലെത്തുമ്പോള്‍ അവരെ നിരവധി ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കും. ആവശ്യമായ ഭക്ഷണവും മരുന്നും വസ്‍ത്രങ്ങളും വാക്സിനുകളും ഉള്‍പ്പെടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും ചെയ്യും. കുഞ്ഞിനെ പരിചരിക്കാന്‍ അമ്മ മാനസികമായി പ്രാപ്‍തയാണെങ്കില്‍ കുട്ടിയെയും അമ്മയെയും ഒരുമിച്ച് താമസിപ്പിക്കും. അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ച് താമസിക്കാനായി പ്രത്യേകം കെട്ടിടമുണ്ട്. അവിടെ മെഡിക്കല്‍ സേവനത്തിനും നിശ്ചിത ഇടവേളകളിലുള്ള പരിശോധനകള്‍ക്കും പുറമെ കുട്ടികള്‍ക്ക് വേണ്ട മറ്റ് എല്ലാ സൗകര്യങ്ങളുമുണ്ട്.
എന്നാല്‍ കുഞ്ഞിനെ പരിചരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അമ്മയെങ്കില്‍ അത്തരം കുട്ടികളെ ജയിലിലെ നഴ്‍സറിയിലേക്ക് മാറ്റും. ഇതിനായി പ്രത്യേക കെട്ടിടമുണ്ട്. പ്രൊഫഷണല്‍ രീതിയിലാണ് നഴ്‍സറി പ്രവര്‍ത്തിക്കുന്നത്. പരിശീലനം സിദ്ധിച്ച 10 ആയമാര്‍ കുട്ടികളെ പരിചരിക്കും. ദിവസവും അമ്മമാര്‍ക്ക് ഇവിടെയെത്തി കുട്ടികളെ കാണാനും അവസരമൊരുക്കും. കുഞ്ഞിനെ തനിക്കൊപ്പം എത്തിക്കാന്‍ ദുബൈ പോലീസ് പോലീസ് സ്വീകരിച്ച നടപടികളില്‍ യുവതി നന്ദി അറിയിച്ചു.