ദുബൈ : ആഘോഷങ്ങളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പോലീസ്. ചെറിയ പെരുന്നാള്‍ സുരക്ഷിതമായി ആഘോഷിക്കണമെന്നും പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും ദുബൈ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആഘോഷവേളകളില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പടക്കം വില്‍ക്കുന്നതോ വാങ്ങുന്നതോ പൊട്ടിക്കുന്നതോ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ‘പടക്കങ്ങള്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപകടകരം'(‘Fireworks are more dangerous than you think’ ) എന്ന ബോധവത്കരണ ക്യാമ്പയിന്‍ ദുബൈ പൊലീസ് ആരംഭിച്ചു. ഇത്തരം വസ്തുക്കളുടെ അപകടസാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ വേണ്ടിയാണിത്. അപകടകരമായ പടക്കങ്ങളില്‍ നിന്ന് ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ക്യാമ്പയിന്‍ എന്ന് ദുബൈ പോലീസിലെ സെക്യൂരിറ്റി അവയര്‍നെസ് ഡയറക്ടര്‍ ബട്ടി അഹ്മദ് അല്‍ ഫലസി പറഞ്ഞു.
യുഎഇ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54 അനുസരിച്ച് വെടിമരുന്ന് ഇറക്കുമതി, കയറ്റുമതി, നിര്‍മ്മാണം, രാജ്യത്തേക്ക് ഇവ ലൈസന്‍സില്ലാതെ കൊണ്ടുവരുന്നതും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതും ശിക്ഷാര്‍ഹമാണ്. ഒു വര്‍ഷം തടവുശിക്ഷയോ 100,000 ദിര്‍ഹം പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണിത്.