ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലണ്ടനില്‍. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അല്‍ ഹാശ്മിയും അദ്ദേഹത്തെ അനുഗമിച്ചു. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ ശൈഖ് മുഹമ്മദ്, ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ യുഎഇ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹെയിം അല്‍ഥാനിയും ലണ്ടനിലെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ലോക നേതാക്കള്‍ക്കായി ചാള്‍സ് രാജാവ് ഒരുക്കിയ ചടങ്ങില്‍ ഇരുവരും പങ്കെടുത്തു. രാജ്ഞിയുടെ വിയോഗത്തില്‍ ചാള്‍സ് രാജകുമാരന്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരെ ഖത്തര്‍ അമീറും പത്‌നിയും അനുശോചനം അറിയിച്ചു. യുഎഇക്കും ഖത്തറിനും പുറമെ മധ്യപൂര്‍വ്വ ദേശത്തെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി.