മെക്സികോ: മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നുവീണത്യ നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്.
ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് അപകടമുണ്ടായത്. ഹോളി ക്രോസ് ദേവാലയത്തിലെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും അവശ്യ സേനാംഗങ്ങളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പത്തോളം പേരേ പള്ളിക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരുടെ നില പരുങ്ങലിലാണുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.
കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ശ്രമത്തിലാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്തുന്നതിന്റേയും പൊടി പടലത്തില്‍ പ്രദേശം മുങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
https://x.com/TodayOnGlobe/status/1708650157133197795?s=20