കൊച്ചി: സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), ഇയാളുടെ മകന്‍ വൈശാഖ് (24) എന്നിവരെയാണ് എടത്തല പൊലീസ് പിടികൂടിയത്.
എടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളനിപ്പടി ഭാഗത്ത് നിരപ്പില്‍ മഹേഷ് കുമാറാണ് മരണപ്പെട്ടത്. മരിച്ച മഹേഷ് കുമാറിന്‍റെ അമ്മയുടെ പേരിലുള്ള സ്ഥലം ഈട് നല്‍കി മഹേഷ് കുമാര്‍ ലോണ്‍ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെ പറ്റി ചൊവ്വാഴ്ച അമ്മാവനായ മണി, മണിയുടെ മകന്‍ വൈശാഖ് എന്നിവരുമായി മഹേഷ് കുമാര്‍ വാക്കു തര്‍ക്കമുണ്ടായി.
തുടര്‍ന്ന് പ്രതികള്‍ മഹേഷ് കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും, തള്ളിയിടുകയും ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ അച്ഛനെയും മകനെയും കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ പിടികൂടിയത്.
ആലുവ ഡിവൈഎസ്പി പികെ ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ പിജെ നോബിള്‍, എസ്ഐ കെകെ ഷബാബ്, എ.എസ്.ഐ അബ്ദുള്‍ ജമാല്‍, എസ്.സി.പി.ഒ മാരായ ഷമീര്‍, ഷെബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.