കുട്ടനാട് : ഫിഷറീസ് വകുപ്പിന്റെ പരിശോധനയില്‍ കാവാലത്താറ്റില്‍ വിഷം കലക്കിയുള്ള മത്സ്യബന്ധനം നടത്തിയ ഒരാളെ പിടികൂടി. കാവാലം ചാലമാട്ടുതറ വീട്ടില്‍ പ്രസാദിനെയാണ് പിടികൂടിയത്. ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനാലും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനു കൈമാറി. 23 ന് രാത്രി 11.45 നാണ് ലിസിയോ പള്ളിക്ക് കിഴക്കുവശത്തുനിന്ന് പ്രസാദിനെ പിടികൂടിയത്. ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാത്രികാല പട്രോളിങ് നടത്തിയത്. പരിശോധനയ്ക്ക് മാന്നാര്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ എം. ദീപു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ഷോണ്‍ ഷാം, അരുണ്‍ദാസ്, ആശിഷ് എന്നിവര്‍ നേതൃത്വം നല്കി. കൈനടി പോലീസ് പരിശോധനയ്ക്കുവേണ്ട സഹായങ്ങള്‍ നല്കി.