എറണാകുളം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ, എറണാകുളം കാക്കനാട്, മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായെത്തി ചില്ലിൽ അടിച്ച യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം. സോണി ജോർജിനാണ് എറണാകുളം സെഷൻസ് കോടതി-രണ്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ സോണി ജോർജിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും മുഖ്യമന്ത്രിയുടെ കോൺവോയ് തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കാക്കനാട് കെബിപിഎസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ ഔദ്യോഗിക വാഹനത്തിനടുത്തേക്ക് ചാടിവീണത്. മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെത്തി ചില്ലിൽ അടിക്കുകയും ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് സോണി ജോർജിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് നേരത്തെ, എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, സാബുജി എം.എ.എസിനെതിരെ നടപടി എടുത്തിരുന്നു. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സാബുജിയെ സ്ഥലം മാറ്റിയത്. അതേസമയം സാബുജിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല.