തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണമെന്നു ഡിവൈഎഫ്ഐ. യുട്യൂബ് അടക്കമുള്ള വിഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എന്നിവയ്ക്കാണു മാനദണ്ഡം രൂപീകരിക്കേണ്ടത്. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.‘തൊപ്പി’ എന്നറിയപ്പെടുന്ന യുട്യൂബറുടെ ചില വിഡിയോകൾ വിവാദമായ പശ്ചാത്തലത്തിലാണു ഡിവൈഎഫ്ഐയുടെ ആവശ്യം. സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖം നടത്തുകയും അയാളെ ഉദ്ഘാടനത്തിനു കൊണ്ടുവരികയും ചെയ്യുന്നത് എന്തുതരം സന്ദേശമാണു സമൂഹത്തിനു നൽകുക? സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ ‘കണ്ടന്റ്’ സൃഷ്ടിക്കുന്ന വ്ലോഗർമാർക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.