തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡിവൈഎഫ്ഐയ്ക്കു ലഭിച്ചിട്ടില്ല. ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണിതെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ജെ.എസ്.ഷിജുഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കത്തെ അപലപിക്കുന്നു. നട്ടാൽ കുരുക്കാത്ത നുണകള്‍ സൃഷ്ടിച്ചെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെയുള്ളവർക്കുവേണ്ടിയാണ് റെഡ് കെയർ സെന്റർ വിഭാവനം ചെയ്തത്. ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യാൻ ഡിവൈഎഫ്ഐയ്ക്ക് അല്ലാതെ മറ്റു ഒരു യുവജനസംഘടനയ്ക്കും കഴിയില്ല’– അദ്ദേഹം പറഞ്ഞു.
പി.ബിജുവിന്റെ ഓർമയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയർ സെന്ററും’ ആംബുലൻസ് സർവീസും തുടങ്ങുന്നതിനായാണു ഫണ്ട് പിരിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നൽകിയത്. ഇതുപ്രകാരം ഒരു വർഷം മുൻപ് പൊതുജനങ്ങളിൽനിന്നായി പിരിച്ച 11 ലക്ഷത്തിലധികം രൂപ മേൽക്കമ്മിറ്റിക്കു കൈമാറിയിരുന്നു. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചെന്നായിരുന്നു ആരോപണം.