തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ആര്യ രാജേന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഉണ്ടായതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സൈബറിടത്തിൽ അവർക്കുനേരെ സംഘടിതമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നപ്പോൾ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഉണ്ടായത്. ചോദ്യം ചെയ്തത് ആര്യയായതിനാൽ ഊഹാപോഹങ്ങളും സൈബർ അറ്റാക്കും നടത്തിക്കൊണ്ടിരിക്കുകയാണ്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ആര്യയോടാണ് വളരെ മോശമായ രീതിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ പെരുമാറിയത്.
സ്ത്രീകളോട് മോശമായ രീതിയിൽ പെരുമാറുന്നവരോട് എങ്ങനെയാണ് സാധാരണ ആളുകൾ പ്രതികരിക്കേണ്ടത്? എല്ലാ പെൺകുട്ടികളും തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെ, ലൈംഗിക അധിക്ഷേപത്തെ കൃത്യമായി ചോദ്യം ചെയ്യേണ്ടതുണ്ട് -സനോജ് പറഞ്ഞു.
ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കണ്ടെത്താനായില്ല
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാൺമാനില്ല. ഡ്രൈവർ യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് പൊലീസ് പരിശോധിച്ചപ്പോൾ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കിട്ടിയില്ല. ഇതോടെ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.
64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കിൽ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
സംഭവസമയത്ത് തർക്കം മൊബൈലിൽ ചിത്രീകരിച്ചയാളോട് മേയർ അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന രംഗം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ മേയർക്കെതിരായ തെളിവാകുമെന്നതിനാലാണ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ഇതേകാരണത്താലാണ് ബസിലെ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.