ന്യൂഡൽഹി: മരണപ്പെട്ട സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെയും ഭാര്യയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദെയ് ഖാഖ എന്നയാളും ഭാര്യയുമാണ് പിടിയിലായത്. 2020 ഒക്ടോബറിൽ പെൺകുട്ടിക്ക് 14 വയസുള്ളപ്പോൾ തുടങ്ങിയ പീഡനം 2021 ഫെബ്രുവരി വരെ തുടർന്നു. ഗർഭിണിയായപ്പോൾ സംഭവം പുറത്തറിയാതിരിക്കാൻ പ്രതിയുടെ ഭാര്യയാണ് ഗർഭച്ഛിദ്ര ഗുളികകൾ നൽകിയിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
കടുത്ത പീഡനത്തിന്റെ മാനസികാഘാതത്തിലായിരുന്ന പെൺകുട്ടിയെ ഒരാഴ്ച മുമ്പ് അമ്മയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ കൗൺസലിങ്ങിൽ ഡോക്ടറോടാണ് കുട്ടി ക്രൂര പീഡനത്തിന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. ഡോക്ടർ അറിയിച്ചത് പ്രകാരം പൊലീസെത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്ന കുറ്റമാണ് ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
2020 ഒക്ടോബർ ഒന്നിനാണ് പെൺകുട്ടിയുടെ പിതാവ് മരിക്കുന്നത്. ശേഷം മാതാവ് ഇവരെ കുടുംബസുഹൃത്തായ പ്രതിക്കും ഭാര്യക്കുമൊപ്പം താമസിക്കാൻ അയക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രതിയായ ഡെപ്യൂട്ടി ഡയറക്ടറെയും ഭാര്യയെയും ചോദ്യം ചെയ്തുവരികയാണ്. കേസില്‍ മറ്റേതെങ്കിലും സാക്ഷികളെയോ പ്രതികളെയോ ഉണ്ടെങ്കില്‍ അവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും” ഡി.സി.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ പ്രതിയായ വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. പ്രതികൾക്കെതിരെ പൊലീസ് നടപടി വൈകുന്നതായി ഡൽഹി വനിതാ കമീഷൻ ചെയർപേഴ്സൻ സ്വാതി മലിവാൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.