ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച ഉപഹാരങ്ങളുടെ ലേലംവിളിക്ക് തുടക്കം. നൂറു രൂപ മുതല്‍ 5 ലക്ഷം രൂപ വരെ അടിസ്ഥാനവിലയുള്ള വസ്തുക്കളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. pmmementos.gov.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇ–ലേലത്തില്‍ പങ്കെടുക്കാം. ലേലം വിളിയിലൂടെ ലഭിക്കുന്ന തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കും.
ശിവഗിരി മഠം സമ്മാനിച്ച ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ, ചിത്രങ്ങൾ, ശില്‍പങ്ങള്‍, വിവിധ ക്ഷേത്രങ്ങളുടെ മാതൃകകള്‍, കായിക താരങ്ങളുടെ കയ്യൊപ്പിട്ട ജഴ്സികള്‍, കായികോപകരണങ്ങള്‍ ഇങ്ങനെ 1200 സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. രാജ്യത്തിനകത്തുനിന്ന് ലഭിച്ച ഉപഹാരങ്ങളാണിവ. രണ്ടരക്കോടിയോളം രൂപയാണ് അടിസ്ഥാന വിലയാക്കി കണക്കാക്കിയിട്ടുള്ളത് ഇതിന്‍റെ പലമടങ്ങ് തുകയ്ക്കാകും ലേലം വിളി. ഒക്ടോബർ 2 വരെയാണ് ഇ–ലേലം. പ്രധാനമന്ത്രിയുടെ 72–ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നാഷനല്‍ ഗാലറി ഓഫ് മോഡേണില്‍ ഇവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.