കോട്ടയം : സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന് കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടക്കും. മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വരുന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മുപ്പതുമുതൽ നടക്കും.
ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിക്കും. കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ.കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. പരിശീലനം സിദ്ധിച്ച നൂറിൽ പരം കുട്ടികൾ നീന്തൽ പ്രകടനം ഇതോടൊപ്പം നടക്കും. തുടർന്ന് നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു മൊമെൻ്റോ നൽകും. ഫ്രാൻസിസ് ജോർജ്ജ് എം പി മികച്ച നീന്തൽ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നല്കും. ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും. സെലിബ്രിറ്റി നീന്തൽ പരിശീലകനും ഹിന്ദി,മറാത്തി ബോളിവുഡ് നടനുമായ ആനന്ദ് പർദേശി, നടി ഊർമ്മിളാ ഉണ്ണി, നടൻമാരായ ബാബു ജോസ്, ജയൻ ചേർത്തല, നർത്തകി സുഭ്രഭാ നായർ, സാമൂഹിക പ്രവർത്തക സ്നേഹാ കുമാർ തുടങ്ങിയവർ ആശംസകൾ നേരും.