കണ്ണൂര്‍: മലയാളികളുടെ അഭിമാനമായ എം എ യൂസഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിടുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് ജയരാജന്‍ പറഞ്ഞു. ലോകപ്രശസ്തമായ ലുലു ഗ്രൂപ്പും യൂസഫലിയും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ അദ്ദേഹത്തിന്റേതായ പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് ഇപി പറഞ്ഞു. അദ്ദേഹത്തെയാണ് അപമാനിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നത്. നിലവില്‍ ഇവിടെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു എന്നും ജയരാജന്‍ ആരോപിക്കുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേരളത്തിന് ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കും. കള്ളപ്രചരണങ്ങള്‍ നടത്തി വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാ ഗുണപരമായ കാര്യങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തുരങ്കംവെച്ചുുള്ള സങ്കുചിതമായ രീതിയിലേക്ക് രാഷ്ട്രീയത്തെ ചില കൂട്ടര്‍ മാറ്റുന്നു. അത്തരത്തില്‍ രാഷ്ട്രീയ രംഗത്തെ ബാധിച്ച ഈ ജീര്‍ണ്ണത വ്യവസായ രംഗത്തേയും ബാധിക്കുകയാണ്. എം എ യൂസഫലിയെ പോലെയഉള്ള മഹത് വ്യകതിത്വങ്ങളെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടുകളും ഉണ്ടാകരുത് എന്നാണ് ഈ കാര്യങ്ങള്‍ കാണുമ്പോള്‍ നിരീക്ഷിക്കാനാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.