കാബൂൾ : ബുധനാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 600-ലധികം പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അഫ്ഗാനിലെ കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.
നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളും മലഞ്ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
“നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്ലാമിക് എമിറേറ്റിന്റെ രക്ഷാസംഘം എത്തിയിട്ടുണ്ട്, പ്രദേശവാസികളുടെ സഹായത്തോടെ മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാൻ ശ്രമിക്കുകയാണ്,” കഠിനമായി ബാധിച്ച പക്തിക പ്രവിശ്യയിലെ ഒരു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ പറഞ്ഞു.
രണ്ട് ദശാബ്ദക്കാലത്തെ യുദ്ധത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യം ഏറ്റെടുക്കുകയും ഉപരോധങ്ങൾ കാരണം അന്താരാഷ്ട്ര സഹായങ്ങൾ നിരസിക്കപ്പെടുകയും ചെയ്ത താലിബാൻ സർക്കാരിന് രക്ഷാപ്രവർത്തനം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. താലിബാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസിൽ നിന്നുള്ള പ്രതിനിധി ലോറെറ്റ ഹൈബർ ഗിരാർഡറ്റ് പറഞ്ഞു.
മഴയും ഭൂചലനവും ഒരുമിച്ചായത് കൂടുതൽ അപകടസാധ്യത സൃഷ്ടിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മെഡിക്കൽ ഹെൽത്ത് ടീമുകളെ വിന്യസിക്കുകയും മെഡിക്കൽ സപ്ലൈസ് നൽകുകയും ചെയ്യുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് അറിയിച്ചു. ചില ഗ്രാമങ്ങൾ മലനിരകളിലെ വിദൂര പ്രദേശങ്ങളിലായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വിശദാംശങ്ങൾ ശേഖരിക്കാൻ കുറച്ച് സമയമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.