ധാരാള പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഗണ്യമായി കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും.ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യതയിൽ 18 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുടലിന്റെ ആരോഗ്യത്തിന് ആപ്പിൾ സഹായകമാണ്. ആപ്പിൾ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്ക് പരിചയപ്പെട്ടാലോ?…
വേണ്ട ചേരുവകൾ…
ആപ്പിൾ 2 എണ്ണം
പാൽ 3 കപ്പ്
ഏലയ്ക്ക 3 എണ്ണം
പഞ്ചസാര 3 ടീസ്പൂൺ
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം…
ആദ്യം ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ആപ്പിൾ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ശേഷം ഐസ് ക്യൂബ് ചേർത്ത് കുടിക്കുക.