തിരുവനന്തപുരം > സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 രാവിലെ 10.30ന് മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് ചടങ്ങ്.
നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ആപ്പിൽ ലിങ്ക് ചെയ്‌തിരിക്കുന്നതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയും.
‘Food Standards Save lives’ എന്നാതാണ് ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ, ഓപ്പറേഷൻ ഓയിൽ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഹെൽത്ത് കാർഡ് നിർബന്ധമാക്കുകയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിക്കുകയുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.