ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. അത്തരത്തില്‍ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം…
ഒന്ന്…
അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും.
രണ്ട്…
ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ എന്നിവയെ അകറ്റുകയും ചെയ്യുന്നു.
മൂന്ന്…
ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയ ബ്രൊക്കോളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്…
തക്കാളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളി സഹായിക്കും. അതിനാല്‍ തക്കാളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം.
അഞ്ച്…
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ സ്ട്രോബെറി, ബ്ലൂബെറി എന്നിവ ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
ആറ്…
ക്യാരറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. അതിനാല്‍ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും ചുളിവുകളെ തടയാനും സഹായിക്കും.