ഭക്ഷണക്രമത്തില്‍ സസ്യാഹാരം ഉള്‍പ്പെടുത്തുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനാകും. ആരോഗ്യവും പച്ചക്കറികളും തമ്മിലുള്ള ബന്ധം അത്രയും വലുതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഫൈബറുകളും ധാരാളം അടങ്ങിയതാണ് പച്ചക്കറികള്‍. അതിനാല്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും പച്ചക്കറികള്‍ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- പച്ചക്കറികളില്‍ സാധാരണയായി പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ഇത് ദോഷകരമായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
- രണ്ട്…
- പൊട്ടാസ്യം ധാരാളം അടങ്ങിയതും സോഡിയം കുറവുമുള്ള പച്ചക്കറികള്‍ പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
- മൂന്ന്…
- കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും പച്ചക്കറികള്‍ പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.
- നാല്…
- വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരില്‍ പ്രമേഹ സാധ്യതയും കുറവായിരിക്കും. പ്രമേഹ രോഗികള്‍ പതിവായി പച്ചക്കറികള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
- അഞ്ച്…
- വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരില്‍ വൻകുടൽ, സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ ചിലതരം ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിനാല്‍ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പന്നമായ പച്ചക്കറികൾ തെരഞ്ഞെടുത്ത് കഴിക്കാം.
- ആറ്
- ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറികള്‍ പതിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- ഏഴ്…
- പച്ചക്കറികളില്‍ കലോറി കുറവാണ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നത് വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.