പത്തനംതിട്ട : ഇലന്തൂരിലെ ഇരട്ട നരബലി ആസൂത്രണത്തിന് പിന്നിൽ സാമ്പത്തിക കാരണങ്ങൾ . ഭഗവൽസിംഗിനും കുടുബത്തിനും ഉണ്ടായിരുന്നത് ലക്ഷങ്ങളുടെ ബാധ്യതയാണ്. ഇലന്തൂർ സഹകരണ ബാങ്കിൽ നിന്ന് മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ട്. 2015 ൽ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നൽകിയാണ് വായ്പ എടുത്തത് . 2022 മാർച്ചിൽ വായ്പ പുതുക്കി എടുത്തു. കൃത്യമായി പലിശ അടക്കുന്നുണ്ടായിരുന്നെങ്കിലും കുടുംബത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നു ഭഗവൽസിങ്ങുമായി അടുപ്പമുള്ളവർ പറയുന്നു. ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായി സൂചന ഉണ്ട്
അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പ്രതികൾ സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും കെണിയിൽ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തിൽ പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്തുന്നതിനാണ് ആലോചിക്കുന്നതെന്നു പോലീസ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങൾ പണയപ്പെടുത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികൾ ഇന്നുണ്ടായേക്കും.