ദില്ലി : സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വെച്ചു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 8 മുതല്‍ 8.5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. കാര്‍ഷിക മേഖലയ്ക്ക് 3.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. വ്യവസായ മേഖല 11.8 ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വേ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലും വ്യാപകമായ വാക്‌സിനേഷന്‍, നിയന്ത്രണം ലഘൂകരിക്കല്‍, കയറ്റുമതി രംഗത്തുണ്ടായ വളര്‍ച്ച മുതലായ ഘടകങ്ങള്‍ അനുകൂലമായെന്നും സര്‍വേ വിലയിരുത്തി. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്കുണ്ടാകുമെന്നും സര്‍വേയിലുണ്ട്.
കൊവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സജ്ജമാണെന്നാണ് സര്‍വേ വിലയിരുത്തുന്നത്. മഹാമാരിയുമായി ബന്ധപ്പെട്ട വലിയ സമ്മര്‍ദ്ദം അടുത്ത വര്‍ഷം ഉണ്ടാകാനിടയില്ലെന്നാണ് പ്രതീക്ഷ. സമ്പദ് രംഗം കൊവിഡിന് മുന്‍പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊവിഡിനെതിരായ പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് ബജറ്റ് സമ്മേഴനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തിയത്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ രാജ്യം നേട്ടമുണ്ടാക്കി. മുതിര്‍ന്ന പൗരന്മാരില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടത്തി. കൊവിഡ് വെല്ലുവിളികള്‍ പെട്ടെന്ന് അവസാനിക്കില്ല. കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. 6 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു. 44 കോടി ജനങ്ങള്‍ ബാങ്കിംഗ് ശൃംഖലയിലുണ്ട്. കാര്‍ഷിക മേഖലയില്‍ മികച്ച ഉത്പാദനം കൈവരിക്കാനായി. വഴിയോര കച്ചവടക്കാരെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി. നദീസംയോജന പദ്ധതികള്‍ തുടരും. രാജ്യത്തിന്റെ സ്വാശ്രയത്വത്തിന് പ്രാമുഖ്യം നല്‍കി. എട്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കി. ഫാര്‍മ മേഖലയില്‍ വന്‍ മാറ്റം കൊണ്ടുവരും. ചെറുകിട കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാര്‍ച്ച് വരെ നീട്ടി എന്നും അദ്ദേഹം പറഞ്ഞു.