ന്യൂഡൽഹി: 2021ലെ രാജസ്ഥാൻ അധ്യാപക യോഗ്യത പരീക്ഷ (റീറ്റ്) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിട്ട. പ്രഫസറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. ഡോ. പ്രദീപ് പരാശാറാണ് അറസ്റ്റിലായത്. ജയ്പൂരിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.
രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ സംസ്ഥാനത്ത് 2021 സെപ്റ്റംബറിൽ നടത്താനിരുന്ന റീറ്റ് പരീക്ഷയുടെ ജില്ല കോഓഡിനേറ്ററായി പരാശറിനെയാണ് നിയമിച്ചിരുന്നത്. എന്നാൽ, പരാശർ അനധികൃതമായി പ്രഫ. രാം കൃപാൽ മീണ എന്നയാളെ അസിസ്റ്റന്റായി നിയമിച്ചുവെന്നും റീറ്റ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന ജയ്പൂരിലെ സ്ട്രോങ് റൂമിലേക്ക് ഇയാൾക്ക് പ്രവേശനം നൽകിയതായും ഇ.ഡി പറഞ്ഞു.
മീണ പരാശറിന്റെ സഹായത്തോടെ ചോദ്യപേപ്പർ മോഷ്ടിച്ച് ആവശ്യക്കാർക്ക് നൽകി വൻതോതിൽ പണം സമ്പാദിച്ചെന്നാണ് കേസ്. മീനയെ നേരത്തേ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.