കൊച്ചി : രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ‘രാഷ്ട്രീയം’തൊടാതെ ഇഡി കുറ്റപത്രം. എറണാകുളം പിഎംഎൽഎ കോടതിയിൽ ചൊവ്വാഴ്ച നൽകിയ കുറ്റപത്രത്തിൽ 23 പ്രതികളാണുള്ളത്. 2021 നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പോലീസ് കുറ്റപത്രത്തെ പാടേ തള്ളുകയാണ് ഇഡി. ആലപ്പുഴയിലെ തിരുവിതാംകൂർ പാലസ് വസ്തു വാങ്ങുന്നതിന് ഡ്രൈവർമുഖേന ധർമരാജൻ കൊടുത്തയച്ച 3.56 കോടി രൂപ കൊടകര ദേശീയപാതയിൽ കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നാണ് ഇഡി കുറ്റപത്രം. കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമരാജൻ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കണ്ടെത്തിയ കൊള്ളമുതലിനുപുറമേ മൂന്നുലക്ഷം രൂപയും എട്ടുലക്ഷം രൂപയുടെ വസ്തുവകകളും ഇഡി കണ്ടുകെട്ടിയതായും കുറ്റപത്രത്തിലുണ്ട്.