കൊച്ചി : കരുവന്നൂർ, കണ്ടല, പുൽപ്പള്ളി ബാങ്കുകളിൽ സഹകരണ വകുപ്പ് കണ്ടെത്തിയതിനപ്പുറം പുതുതായി ഒന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്ന് സഹകരണമന്ത്രി വി എൻ വാസവൻ. എന്നാൽ മന്ത്രിയുടെ വാദം പൂർണ്ണമായി തള്ളുകയാണ് എൻഫോഴ്സെമന്‍റ് ഡയറക്ട്രേറ്റ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം കടന്നതും ബെനാമി കള്ളപ്പണ ഇടപാടുകൾ പുറത്ത് വന്നതും തങ്ങളുടെ അന്വേഷണത്തിലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി നടത്തുന്ന അന്വേഷണത്തെ മന്ത്രി തള്ളുകയാണ്. എന്നാൽ, ഈ വാദത്തെ ഇഡി പൂര്‍ണ്ണമായും തള്ളി. സാധാരണ ബാങ്ക് ക്രമക്കേട് മാത്രമായി അവസാനിപ്പിക്കാനിരുന്ന കേസുകളിലെ ഉന്നതർ പുറത്ത് വന്നത് തങ്ങളുടെ അന്വേഷണത്തിലാണെന്നാണ് ഇഡി വാദിക്കുന്നത്.
ബെനാമി വായ്പകൾക്ക് പിന്നിലുള്ള ഉന്നതരിലേക്ക് സഹകരണ വകുപ്പോ സംസ്ഥാന പോലീസോ പോയിട്ടില്ല. ഇഡി പ്രതിയാക്കിയ 55 പേരിൽ 37 പേരും പുതുതായി പുറത്ത് വന്ന പ്രതികളാണ്. കരുവന്നൂർ ബാങ്കിൽ നിന്ന് 28 കോടി രൂപയുടെ ബെനാമി വായ്പ നേടിയ പി പി കിരൺ ആരുടെയും ചിത്രത്തിലുണ്ടായിരുന്നില്ല. ബെനാമി ലോണുകളെല്ലാം നിയന്ത്രിച്ച സതീഷ് കുമാർ, സതീഷ് കുമാറിനായി ഇടപാടുകൾ നിയന്ത്രിച്ച സിപിഎം നേതാവ് അരവിന്ദാക്ഷൻ എന്നിവരെല്ലാം സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിന് പുറത്തുള്ളവരാണെന്നും ഇഡി പറയുന്നു.