കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. വീണയുടെ കമ്പനിയായ എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍ വരും. ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരും. ഇഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്നാണ് ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇഡി ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കിയേക്കും. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് ആരോപണം. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ ഇടപാടുകള്‍ എസ്എഫ്‌ഐഒ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്.