ന്യൂഡൽഹി/മുംബൈ/കൊൽക്കത്ത: മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഡൽഹി, മുംബൈ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റെയ്ഡ് നടത്തി. പ്രധാന പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകറിന്റെയും രവി ഉപ്പലിന്റെയും അടുത്ത സഹായിയായ നിതീഷ് ദിവാനെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത് 11 ദിവസത്തിന് ശേഷമാണ് റെയ്ഡ്.
ഛത്തീസ്ഗഢിലെ ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും ഉൾപ്പെട്ടതാണ് മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ്. കേസിൽ ഇതുവരെ ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. ചന്ദ്രകർ, ഉപ്പൽ എന്നിവരെ യു.എ.ഇയിൽ നിന്ന് വിട്ടുകിട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുബൈ ആസ്ഥാനമായുള്ള ഇന്റർപോൾ ഇരുവരെയും അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അപേക്ഷയും നൽകി. ചന്ദ്രാകർ യു.എ.ഇയിൽ നിന്നാണ് വിവാഹം കഴിച്ചതെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. 2023ൽ നടന്ന വിവാഹത്തിന് 200 കോടി രൂപയാണ് പൊടിച്ചതെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. ഇന്ത്യയിലുള്ള ബന്ധുക്കളെ ചന്ദ്രാകർ യു.എ.ഇയിലെത്തിച്ചത് സ്വകാര്യ ജെറ്റ്‍വഴിയാണ്. വിവാഹത്തിന് പരിപാടികൾ അവതരിപ്പിച്ച സെലിബ്രിറ്റീസിനും വൻതുക നൽകുകയും ചെയ്തു.
ഛത്തീസ്ഗഢിലെ രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകാനാണ് ആപ്പിലൂടെ അനധികൃതമായി പണം സ്വരൂപിച്ചതെന്ന് ഏജൻസി നേരത്തെ ആരോപിച്ചിരുന്നു. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായും പണമിടപാട് രീതികളുമായും ഉള്ള ബന്ധത്തെ കുറിച്ച് നിരവധി സെലിബ്രിറ്റികളെയും ബോളിവുഡ് അഭിനേതാക്കളെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തു.
കേസിൽ ചന്ദ്രാകർ, ഉപ്പൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ രണ്ട് കുറ്റപത്രങ്ങളാണ് ഇ.ഡി ഇതുവരെ സമർപ്പിച്ചത്. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലും ചേർന്ന് നടത്തുന്ന മഹാദേവ് ഓൺലൈൻ കമ്പനി വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് ആളുകളെ വലയിലാക്കുന്നത്. മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിങ് ആപ്ലിക്കേഷൻ എന്ന പേരിൽ അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നതാണ് ഇവരുടെ രീതി. കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മഹാദേവ് ഓൺലൈൻ കമ്പനിയുടെ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈയിടെ വ്യാപക റെയ്ഡ് നടത്തിയിരുന്നു.
വാതുവയ്പ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാൻ വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങളാണ് കമ്പനി നടത്തുന്നത്. വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ഐഡന്റിറ്റി കാർഡുകൾ, ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ, ഹവാല സംവിധാനം എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ കൂടി ആയിരക്കണക്കിന് കോടികളാണ് കമ്പനി തട്ടിയെടുത്തത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ നിയമവിരുദ്ധമായ വാതുവെയ്പ്പ് നടത്തുന്നതിന് ആപ്ലിക്കേഷനിൽ സംവിധാനം ഒരുക്കിയിരുന്നു. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ വാതുവെയ്‌ക്കാനുള്ള അവസരം വരെ ഉണ്ടായിരുന്നതായി ഇ.ഡി. അറിയിച്ചു.