കൊച്ചി : ഗോകുലം ഗ്രൂപ്പിന്‍റെ ചെന്നൈ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ ഇഡി പിടികൂടി. ഇന്നലെ നടന്ന റെയ്ഡിലാണ് പണം പിടികൂടിയത്. പണത്തിന്‍റെ സ്രോതസ്സ് കാണിക്കാൻ ഇഡി ആവശ്യപ്പെട്ടു. ഫെമ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് ഇഡി വിലയിരുത്തൽ. ഇന്നലെ രാത്രി ഏറെ വൈകിയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലെ പരിശോധന ഇഡി അവസാനിപ്പിച്ചത്. വിദേശനാണയ വിനിമയച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നതായിരുന്നു പ്രധാന പരിശോധന. ചില രേഖകൾ ഇതു സംബന്ധിച്ച് ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ രേഖകളിലെ വസ്തുതകൾ കൂടി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും ഗോകുലം ഗോപാലനിൽ നിന്ന് വിവരങ്ങൾ തേടാനാണ് ഇഡിയുടെ തീരുമാനം.