പാറ്റ്ന: രാഷ്ട്രീയ ജനത ദൾ ചീഫ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കിൽപ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 250 കോടിയുടെ ഇടപാടുകൾ നടന്നു. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങൾ കിട്ടിയെന്നും ഇഡി പറഞ്ഞു. ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത്.
റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികൾക്കും വേണ്ടി നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ ദില്ലിയിലെ വസതിയില്‍ ഇ ഡി പരിശോധനയും നടത്തിയിരുന്നു. 2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം.
ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചിരുന്നില്ല.
പ്രതികാര നടപടിയുടെ ഭാഗമായ കേസിന്‍റെ പേരിൽ തന്‍റെ കുടുംബത്തെ ബിജെപി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചത്. അതേസമയം, ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ മലയാളിയും വ്യവസായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടി രൂപ നൽകിയെന്ന് നേരത്തെ അരുൺ മൊഴി നൽകിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയിൽ നിന്നും വിവരങ്ങൾ തേടി. അരുൺ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്. കെ കവിതയ്ക്ക് ബിനാമി കമ്പനിയെക്കുറിച്ച് വിശദീകരിക്കാനായില്ലെന്നും ഇഡി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.