ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സംസ്ഥാനത്തെ ജനങ്ങളുടെ അവസ്ഥയിൽ ആശങ്കയുണ്ടോ എന്ന് പളനിസ്വാമി ചോദിച്ചു.
ഡി.എം.കെ കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ പിന്തുണക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ നടത്തുന്ന ബിസിനസുകളെ ബാധിക്കാതിരിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജൂൺ 12ന് സേലത്തെ മേട്ടൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് മുഖ്യമന്ത്രിക്ക് ദീർഘവീക്ഷണമില്ലെന്ന് തെളിയിക്കുന്നതാണെന്ന് പറഞ്ഞ പളനിസ്വാമി സ്റ്റാലിൻ “പാവ മുഖ്യമന്ത്രി” യാണെന്നും പരിഹസരിച്ചു.
സർക്കാറിനെ വിശ്വസിച്ച് കാവേരി ഡെൽറ്റ മേഖലയിലെ 1.50 ലക്ഷത്തോളം കർഷകർ 5 ലക്ഷം ഏക്കർ ഭൂമിയിൽ ഹ്രസ്വകാല ‘കുരുവൈ’ കൃഷി ഏറ്റെടുത്തു. എന്നാൽ, ഇപ്പോൾ 3.50 ലക്ഷം ഏക്കറിലെ വിളകൾ ഉണങ്ങിക്കഴിഞ്ഞെന്നും ബാക്കിയുള്ളവ കിണർ ജലസേചനത്തിലൂടെ മുന്നോട്ട് പോകുകയാണെന്നും പളനിസ്വാമി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ മേട്ടൂർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കർണാടകയിൽ നിന്നുള്ള കാവേരി ജലത്തിൽ തമിഴ്‌നാടിന്റെ വിഹിതം ഉറപ്പാക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴെങ്കിലും കർഷകരോടുള്ള കരുതൽ കാണിക്കണമെന്നും സർവകക്ഷിയോഗം വിളിച്ച് കാവേരി വിഷയത്തിൽ തമിഴ്നാടിന്റെ അവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് വെള്ളം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.