മലപ്പുറം : മലപ്പുറത്തിന് പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് വിശിഷ്ടാതിഥിയുമാകും. മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിക്കുന്ന ആദ്യ മേല്‍പ്പാലമാണിത്. കിഫ്ബിയില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 259 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മാണം. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്.
പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍സംഗമിക്കുന്ന ജംങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേല്‍പ്പാല നിര്‍മ്മാണം.