ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു. ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന സൗകര്യമാണ് ട്വിറ്റർ അവതരിപ്പിക്കാനൊരുങ്ങുന്നത്. വരും മാസങ്ങളിൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാവുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ട്വിറ്ററിൻ്റെ വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റർ ആപ്പുകളിലും ഈ സൗകര്യം എത്തിയേക്കും. ഏഡിറ്റ് സൗകര്യം ഏറെ വൈകാതെ എത്തുമെന്ന് നേരത്തെ ട്വിറ്റർ സ്ഥിരീകരിച്ചിരുന്നു. ട്വിറ്റർ വെബ്സൈറ്റിൽ എഡിറ്റ് സൗകര്യം ഉടൻ എത്തുമെന്ന് ഡെവലപ്പർ അലസാൻഡ്രോ പലൂസിയാണ് ആദ്യം അറിയിച്ചത്. എഡിറ്റ് ഓപ്ഷൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു പലൂസിയുടെ ട്വീറ്റ്. പോസ്റ്റ് ചെയ്ത ട്വീറ്റിനു മുകളിലെ ത്രീ ഡോട്ട് മെനുവിലാണ് എഡിറ്റ് ഓപ്ഷൻ ഉള്ളത്. നിമ ഓവ്‌ജി എന്ന മറ്റൊരു ട്വിറ്റർ ഹാൻഡിലും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.