തിരുവനന്തപുരം: കണ്ണൂരിലെ കോഴൂർ യു.പി സ്കൂളിൽ പി.ടി.എ എക്സിക്യൂട്ടീവ്, ജനറൽ ബോഡി യോഗങ്ങളിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നില്ലെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ഇത് പ്രധാനാധ്യാപികയുടെ ഗുരുതരമായവീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തിൽ കൃത്യമായി പരിശോധന നടത്തി നടപടി സ്വീകരിക്കാത്ത തലശ്ശേരി നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോട്ടിലെ ശിപാർശ.
എയ്‌ഡഡ് സ്കൂളുകളിലെ പ്രഥമ അധ്യാപകരുടെ ചുമതല മാറ്റം സ്കൂൾമാനേജർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അദ്ദേഹത്തിന്റെ പ്രതിനിധി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വേണമെന്ന് കർശന നിർദേശം നൽകമമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ഭാഗത്ത് നിന്നു സമയബന്ധിതമായ പരിശോധന നടത്തി നടപടി സ്വീകരിച്ചിട്ടില്ല. സമയബന്ധിതമായി പരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയതിന് ഈ രണ്ട് ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടണമെന്നും തുടർ നടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടിലെ ശിപാർശ.
കോഴൂർ യു.പി സ്കൂളിലെ വിവിധ സർക്കാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 2017 ജൂലൈ ഏറ് മുതൽ 2020 ജനുവരി 23 വരെയുള്ള പി.ടി.എ യോഗങ്ങളിൽ വരവ് ചെലവുകൾ അംഗീകരിച്ച് പി.ടി.എ പ്രസിഡണ്ട്. സെക്രട്ടറി എന്നിവർ ഒപ്പുവച്ചിരുന്നു. അതേസമയം 2020 ജനുവരി 27 നും 2021 മാർച്ച് എട്ടനും നടന്ന എക്സിക്യറൂട്ടീവ്, ജനറൽ ബോഡി യോഗങ്ങളിൽ വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച് അജണ്ട ഉണ്ടായിരുന്നില്ല.
വരവ് ചെലവ് കണക്കുകൾ പി.ടി.എ യോഗങ്ങളിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മൂൻ പ്രധാന അധ്യാപിക കെ.കെ ഗീത തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ മറുപടിയിൽ പി.ടി.എക്ക് പ്രത്യേക അക്കൗണ്ട് ഇല്ലെന്നും ഉച്ചഭക്ഷണ പദ്ധതി പ്രകാരം സർക്കാർ അനവദിക്കുന്ന തുക മാത്രമാണ് ഉണ്ടാകാറെന്നും അതിന് കാഷ് ബുക്ക് ഉണ്ടെന്നും അറിയിച്ചു. അതിനാലാണ് പി.ടി.എ മിനുറ്റ്സ് ബുക്കിൽ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ചു എന്ന് എഴുതി വെക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ക്യാഷ് ബുക്ക്, ബില്ലുകൾ, വൗച്ചറുകൾ, ബാങ്ക് അക്കൗണ്ട്, ബാങ്ക് സ്‌റേറ്റ്‌മെൻറ് എന്നിവ സ്ക്കൂളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മറുപടി നൽകി. സ്കൂളിലെ പി.ടി.എ അംഗങ്ങൾ എല്ലാം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാകയാൽ അംഗത്വ ഫീസ് നല്കുകയോ ഈടാക്കുകയോ ചെയ്തിട്ടില്ലെന്നും അറിയിച്ചിരുന്നു.
എന്നാൽ ഈ രേഖകളൊന്നും തന്നെ പരിശോധനക്കായി നിലവിലെ പ്രധാന അധ്യാപിക ഹാജരാക്കിയില്ല. ഇത് സംബന്ധിച്ച് പരിശോധന സംഘം നല്കിയ അന്വേഷണ കുറിപ്പിനുള്ള മറുപടിയായി ഇതിന് പ്രധാന കാരണം അധ്യാപികമാർ തമ്മിലുള്ള അസ്വാരസ്യം കാരണം ചുമതല കൈമാറ്റം നടക്കാത്തതാണ്. അതിനാൽ വിരമിക്കുന്ന വേളകളിൽ നിലവിലുളള നിയമങ്ങൾ അനുസരിച്ച് ചുമതല കൈമാറ്റം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ഏയ്ഡഡ് സ്കൂളുകളിലെ ചുമതല കൈമാറ്റം ചെയ്യുന്നത് സ്കൂൾമാനേജരുടെയും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയോ ഓഫീസറുടെ പ്രതിനിധിയുടെയോ സാന്നിധ്യത്തിൽ വേണമെന്ന് കർശന നിർദ്ദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
സ്കൂളിലെ വിവിധ ധന ഇടപാടുകളായ പി.ടി.എ ഫണ്ട്, അഡ്മിഷൻ ഫീസ്, സഞ്ചയിക ഫണ്ട് എന്നിവയുടെ ഇടപാടുകളെ സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് നല്കിയ പരാതിയിന്മേൽ ഉചിതമായ അന്വേഷണം നടത്തുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.