മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ജില്ലക്ക് താൽക്കാലിക ആശ്വാസം. 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച സർക്കാർ പ്രഖ്യാപനം സപ്ലിമെൻററി അലോട്ട്മെന്റിൽ പുറത്തുനിൽക്കുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമാകും. ജില്ലയിലെ 74 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലായി 59 ഹ്യൂമാനിറ്റീസ് ബാച്ചുകളും 61 കോമേഴ്സ് ബാച്ചുകളുമാണ് വരിക.
ഒരു ബാച്ചിൽ 65 പേർക്ക് പ്രവേശനം നൽകുമെന്നാണ് അറിയിപ്പ്. ഇതുവഴി 7,800 പേർക്ക് കൂടി സീറ്റ് ലഭിക്കും. ഹ്യുമാനിറ്റീസിന് 3,835 സീറ്റും കോമേഴ്സിന് 3,965 സീറ്റും ലഭിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് കണക്കുപ്രകാരം ജില്ലയിൽ 9,882 പേരാണ് പുറത്തുള്ളത്.
ഇവരിൽ ഇനി 2,082 പേരാണ് സീറ്റില്ലാതെ പുറത്താകുക. ജില്ലയിൽ സർക്കാർ, എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏറ്റവും കൂടുതലുള്ളത് സയൻസ് ബാച്ചുകളാണ്. 352 സയൻസ് ബാച്ചുകളാണ് നിലവിലുള്ളത്. ഹ്യുമാനിറ്റീസ് -210, കോമേഴ്സ് -277 ബാച്ചുകൾ വീതവും.
പുതുതായി വരുന്ന ബാച്ചുകൾ കൂടി ചേരുമ്പോൾ ഹ്യുമാനിറ്റീസിന് 269 ഉം കൊമേഴ്സിന് 338ഉം ബാച്ചുകളാകും. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച രണ്ടംഗ സമിതിയുടെ ശിപാർശ പ്രകാരമാണ് 120 ബാച്ചുകൾ അനുവദിച്ചത്.
സയൻസിനെ ഒഴിവാക്കിയത് അപേക്ഷകരെ ബാധിക്കും
നിലവിൽ ജില്ലയിൽ സയൻസിന് സീറ്റ് കൂടുതലാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ
മലപ്പുറം: താൽക്കാലിക ബാച്ചുകളിൽ സയൻസിനെ ഒഴിവാക്കിയത് അപേക്ഷകരെ ബാധിക്കും. ഉയർന്ന മാർക്ക് നേടിയിട്ടും സയൻസിന് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നവർക്കാണ് തിരിച്ചടിയാകുക. നിലവിൽ ജില്ലയിൽ സയൻസിന് സീറ്റ് കൂടുതലാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
ഐ.സി.ടി സെല്ലിന്റെ കണക്കുകളും ഇത് സൂചിപ്പിക്കുന്നുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇക്കാരണത്താൽ സീറ്റ് വിഷയം പഠിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി സയൻസ് ബാച്ച് ഒഴികെയുള്ള കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടംഗ സമിതിയിലെ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയൻറ് ഡയറക്ടർ ആർ. സുരേഷ് കുമാറും ഹയർ സെക്കൻഡറി ആർ.ഡി.ഡി പി.എം. അനിലും ഇക്കാര്യം സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് വകുപ്പിന് കൈമാറിയത്.
ഇതോടെ വകുപ്പ് പ്രഖ്യാപനത്തിൽനിന്ന് സയൻസിന് പകരം കൊമേഴ്സും ഹ്യുമാനിറ്റീസും സ്ഥാനം പിടിച്ചു. 352 സയൻസ് ബാച്ചുകളാണ് നിലവിലുള്ളത്. നിലവിൽ തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിലാണ് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ചതെന്നാണ് സൂചന.
താലൂക്ക് തല കണക്കെടുത്തതോടെയാണ് ജില്ലയിൽ സീറ്റ് പ്രതിസന്ധി സംബന്ധിച്ച് കൃത്യമായ വിവരം അധികൃതർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് തലങ്ങളിൽ രണ്ടംഗ സമിതി വിദ്യാലയങ്ങൾ സന്ദർശിക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.
ജൂലൈ ഒന്ന് മുതൽ മൂന്നുവരെയായിരുന്നു സംഘത്തിന്റെ സന്ദർശനം. ജില്ലയിലെ 85 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ ഭൗതിക സാഹചര്യം പരിശോധിച്ചതിൽ 74 എണ്ണത്തിൽ പുതിയ ബാച്ചുകൾ തുടങ്ങുന്നതിനുള്ള സാഹചര്യമുണ്ടെന്നാണ് കണ്ടെത്തിയത്. നിലവിൽ ഹയർ സെക്കൻഡറി സ്കൂളുകളില്ലാത്ത ഹൈസ്കൂളുകളിൽ പരിശോധന നടത്തിയിട്ടില്ല.
ഇതോടെ ഇവ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യുന്ന വിഷയം പരിഗണിച്ചിട്ടില്ല. താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാർ സ്കൂളുകളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ഏതൊക്കെ താലൂക്കുകളിൽ ഏതൊക്കെ സ്കൂളുകളിൽ ബാച്ചുകൾ അനുവദിച്ചെന്ന വിവരങ്ങളെല്ലാം കാബിനറ്റ് യോഗത്തിന് ശേഷം ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്കൂളുകൾ സജ്ജമാക്കണം -ആർ.ഡി.ഡി
താൽക്കാലിക ബാച്ചുകൾ സജ്ജമാക്കാൻ വിദ്യാലയങ്ങൾ തയാറാകണമെന്ന് ആർ.ഡി.ഡി പി.എം. അനിൽ അറിയിച്ചു. കൂടുതൽ ബാച്ചുകൾ അനുവദിച്ചത് ജില്ലക്ക് നേട്ടമാണെന്നും ചരിത്രപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കാൻ സ്കൂൾ അധികൃതരും പി.ടി.എയും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.