നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ഊർജിതമാക്കി കൊച്ചി കോർപ്പറേഷൻ. വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിലെ ഓടകൾ യുദ്ധകാലടിസ്ഥാനത്തിലാണ് വൃത്തിയാക്കുന്നത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നതാൽ നൂറംഗ സ്ക്വാഡ് രൂപീകരിച്ചാണ് ശുചീകരണം. ഒരോന്നിലും ചുരുങ്ങിയത് 20 പേർ വീതമുള്ള അഞ്ച് സ്ക്വാഡുകളായാണ് കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ള പ്രവര്‍ത്തനം നടക്കുന്നത്.
ഒരേ സമയം നഗരത്തിലെ പലയിടത്തായാണ് ശുചീകരണം. മഴക്കാല പൂർവ്വ ശുചീകരണം പോലും ഇല്ലാതിരുന്നിടത്തെ ഈ പ്രവൃത്തി അത്ഭുതത്തോടെയാണ് കൊച്ചിക്കാർ കാണുന്നത്. എംജി റോഡ്, ബാനർജി റോഡ്, പ്രൊവിഡൻസ് റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പള്ളി താണിക്കൽ എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സ്ക്വാഡുകളുമായാണ് ഇവിടങ്ങളിൽ ശുചീകരണം നടക്കുന്നത്.
ഓടകളിലേക്ക് വെള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങൾ ഇടറോഡുകളിൽ എവിടെയും ഇല്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇവ കൂടി ശരിയാക്കാലേ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനാകൂ എന്നും ഇതിനായി പുതിയ പ്രൊജക്ട് വേണ്ടിവരുമെന്നും കോർപ്പറേഷൻ അറിയിച്ചു. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എംജി റോഡിലെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു.
പ്ലാന്റ് സ്ഥാപിച്ച ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ എന്ന കർശന നിർദേശത്തോടെയാണ് അഞ്ച് ഹോട്ടലുകൾ കോർപ്പറേഷൻ പൂട്ടിയത്. കാനയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ തള്ളിയതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോർപ്പറേഷൻ ആരോപിക്കുന്നത്. നെയ്യ്, ഡാൽഡ തുടങ്ങിയ ഖരമാലിന്യങ്ങൾ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിന് കാരണമെന്നും കോര്‍പ്പറേഷന്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെ പെയ്ത മഴയിൽ എംജി റോഡിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്.