റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക. ജൂണ്‍ 15 മുതല്‍ ജൂണ്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം വ്യാഴാഴ്ച സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. റിയാദിന് സമീപം ഹരീഖിലാണ് പിറ ദൃശ്യമായത്. ഇതോടെ ഈ മാസം 16ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ഈ മാസം 15നും.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യവാസികളോട് ആഹ്വാനം ചെയ്തിരുന്നു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറിൽ പിറ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഹരീഖിൽ നിന്ന് മാസപ്പിറവി ദൃശ്യമായ വിവരമെത്തിയത്.